Editor's Pick

ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് സഭാ ഇടയന്‍മാർ പ്രസംഗിക്കേണ്ടത്: കുടുംബ-സിനഡിനെ പിടിച്ചു കുലുക്കിയ അല്‍മായ വനിത വീണ്ടും പ്രതികരിക്കുന്നു.

സ്വന്തം ലേഖകൻ 27-12-2015 - Sunday

റൊമാനിയയിലെ ബുച്ചാറെസ്റ്റിലെ കത്തോലിക്കാ ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധിയായ ഡോ. ആന്‍കാ-മരിയാ സെര്‍നിയ ഒക്ടോബര്‍ 16ന്, കുടുംബങ്ങള്‍ക്കായുള്ള സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരകണക്കിന് കത്തോലിക്കര്‍ വളരെയേറെ ആകാംക്ഷാഭരിതരായി.

മറ്റുള്ളവരെ അവരുടെ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കുവാനുള്ള പ്രധാന കാരണം: രാഷ്ട്രീയപരവും, സാമൂഹ്യപരവുമായ കാര്യങ്ങളേക്കാള്‍ അധികമായി 'കുടുംബങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു ആത്മീയ യുദ്ധത്തില്‍' സഭ ഏര്‍പ്പെട്ടിരിക്കുകയാണെന്നും, തിന്മയോട് സഹിഷ്ണത പുലർത്താതെ അതിനെ തിന്മയാണന്നു പറയുവാൻ പിതാക്കന്മാർ ധൈര്യം കാണിക്കണം എന്നുമുള്ള അവരുടെ അഭിപ്രായം കേട്ടപ്പോളാണ്.

ഒക്ടോബറിലെ കുടുംബങ്ങള്‍ക്കായുള്ള സിനഡിനു ശേഷം ഡോ. ആന്‍കാ-മരിയാ സെര്‍നിയായുമായി കാത്തലിക് ഹെരാൾഡ് ലേഖകൻ, ഫ്രാൻസിസ് ഫിലിപ്പ് നടത്തിയ അഭിമുഖത്തിൽ കത്തോലിക്കാ സഭ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സത്യം വിളിച്ചുപറയുന്നതിൽ പിതാക്കന്മാർ എത്രമാത്രം വിജയിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു.

കമ്മ്യൂണിസത്തിനു കീഴില്‍ ഡോ. സെര്‍നിയായുടെ കുടുംബത്തിനു നേരിടേണ്ടിവന്ന സഹനങ്ങള്‍ക്കൊപ്പം അവരുടെ ഉറച്ച കത്തോലിക്കാ വിശ്വാസവും ഇക്കാര്യത്തില്‍ ഒഴിവാക്കാനാവാത്ത വിധം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗ്രീക്ക് കത്തോലിക്കാ സഭാംഗവും സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു അവളുടെ പിതാവ്‌, തികഞ്ഞ ഒരു റോമാനിയന്‍ ദേശഭക്തന്‍. ഡോ. സെര്‍നിയായുടെ മാതാ-പിതാക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു, ഭരണകൂടത്തിനെതിരായുള്ള അവളുടെ പിതാവിന്റെ എതിര്‍പ്പ് മൂലം 1947-ല്‍ കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹത്തെ കാരാഗ്രഹത്തിലടച്ചത്. 1964 വരെ അദ്ദേഹം തടവറയിലായിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന് തന്റെ ഭാവി വധുവിനെ വിവാഹം കഴിക്കുവാന്‍തന്നെ സാധിച്ചത്. കാരാഗ്രഹത്തിലെ അസഹ്യമായ പീഡനങ്ങള്‍ക്ക് പകരം തന്റെ വിശ്വാസം കൈവിടാതെ നിലനില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിനെ ‘ഒരത്ഭുതം’ എന്നാണു ഡോ. സെര്‍നിയ വിശേഷിപ്പിച്ചത്. ഗ്രീക്ക് കത്തോലിക്കാ സഭാംഗമായിരുന്ന അവളുടെ മാതാവിന്റെ മുത്തച്ഛനും പത്തു വര്‍ഷത്തോളം ജെയിലില്‍ ചിലവഴിച്ചിട്ടുണ്ട്. കൂടാതെ അവളുടെ മാതാവും, അമ്മൂമ്മയും ഏതാനും മാസങ്ങളോളം വിചാരണ കൂടാതെ ജെയിലില്‍ കഴിഞ്ഞു.

ഈ ദുരിതങ്ങള്‍ക്കും, ജെയില്‍വാസങ്ങള്‍ക്കും പുറമേ, ആത്മീയ വളര്‍ച്ചക്കുള്ള വലിയ അവസരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഡോ. സെര്‍നിയ പറഞ്ഞു. ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഭരണകൂടം തങ്ങളുടെ ശത്രുവായികണ്ട് തന്റെ അമ്മയെ തടവിലാക്കിയത്‌ അമ്മയെ വല്ലാതെ തളര്‍ത്തി എന്നവര്‍ പറഞ്ഞു.

അവളുടെ മാതാവിന് 36ഉം പിതാവിന് 46ഉം വയസ്സുള്ളപ്പോളാണ് അവരുടെ വിവാഹം നടന്നത്. ഒരേ വിശ്വാസവും, രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള അവരുടെ സ്നേഹം നിറഞ്ഞ വിവാഹ ജീവിതം, തങ്ങളുടെ രണ്ട് പെണ്‍മക്കള്‍ക്കും സാംസ്കാരികമായും വിശ്വാസപരമായും ഒരു നല്ല മാതൃകയായിരുന്നു. കൂടാതെ തങ്ങളുടെ അപ്പൂപ്പ-നമ്മൂമ്മമാരുടെ സഹകരണവും കൂടിയായപ്പോള്‍ അവരുടെ കുടുംബം ഒരേമനസ്സുള്ളവരുടെ ഒരു കൂട്ടായ്മയായി മാറി.

റൊമാനിയന്‍ കമ്മൂണിസ്റ്റ് ഭരണകൂടത്തിന്റെ പോലീസായ ‘സെക്കൂരിറ്റേറ്റെ’യുടെ നിരന്തരമായ നിരീക്ഷണത്തിന് വിധേയമായിരുന്നതിനാല്‍, കുടുംബശൃംഖലക്ക് പുറത്ത്‌ അവളുടെ മാതാ-പിതാക്കള്‍ക്ക് കുട്ടികളുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങളും, ഭക്ഷണത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പും ഒഴികെ വലിയ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇതൊഴിച്ചാല്‍ അവരുടെ ജീവിതം വലിയ ദുഃഖമൊന്നും നിറഞ്ഞതായിരുന്നില്ല, വളരെയേറെ സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ വീട്. ക്രിസ്തുമസ്സും, ഈസ്റ്ററും അവര്‍ സന്തോഷപൂര്‍വ്വം ആഘോഷിച്ചിരുന്നുവെന്ന് ഡോ. സെര്‍നിയ പറയുന്നു.

ഗ്രീക്ക് കത്തോലിക്കാ സഭ നിരോധിക്കപ്പെട്ടിരുന്നതിനാല്‍ അവരുടെ കുടുംബം ഗ്രീക്ക് കത്തോലിക്കാ ശുശ്രൂഷാ-വിധികളോട് കൂടിയ റോമന്‍ കത്തോലിക്കാ-രീതിയിലുള്ള വിശുദ്ധ കുര്‍ബ്ബാനകളും, ആരാധനകളും വളരെ രഹസ്യമായി തങ്ങളുടെ വീട്ടില്‍ നടത്തിയിരുന്നു. ‘തദ്ദേശീയ സഭ’യുമായുള്ള യഥാര്‍ത്ഥാനുഭവം തനിക്ക്‌ ലഭിച്ചത്, അവളുടെ കുടുംബത്തിന് ചില പുണ്യ സുവിശേഷകരേയും, വിശുദ്ധ പുരോഹിതന്‍മാരേയും കാണുവാനുള്ള അസുലഭാവസരം ലഭിച്ചപ്പോളാണെന്ന് ഡോ. സെര്‍നിയ പറഞ്ഞു. ഈ ചെറിയ ‘തദ്ദേശീയ' സഭയിലെ, ദിവസം തോറും ജപമാല ചൊല്ലുന്ന, വര്‍ഷത്തിലൊരിക്കല്‍ പുരോഹിതന്‍ വന്ന് വെഞ്ചരിപ്പ് നടത്തുന്ന, വിശുദ്ധ ജലം കൊണ്ടുള്ള കുരിശടയാളങ്ങളും, വിശുദ്ധ മെഡലുകളും, വിശുദ്ധ മിഖായേലിന്റെയും മറ്റുള്ള വിശുദ്ധരുടെയും ചിത്രങ്ങള്‍ നിറഞ്ഞ മുറികളുമുള്ള ഒരു ഭവനത്തിന്റെ രേഖാ ചിത്രം വാക്കുകള്‍ കൊണ്ട് അവര്‍ വരച്ച് കാട്ടി.

തങ്ങളുടെ കുടംബക്കാരുടെയും, മാതാ-പിതാക്കളുടേയും, സുഹൃത്തുക്കളുടേയും ശക്തമായ മത-വിശ്വാസത്തെ കുറിച്ചുള്ള ഡോ. സെര്‍നിയയുടെ വിവരണം കേള്‍ക്കുമ്പോള്‍ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയുവാന്‍ കുടുംബ പശ്ചാത്തലമാണ് ഏതു രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലും സഹായിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.

“1989-ല്‍ പ്രസിഡന്റ് സ്യൂസെസ്കൂവിന്റെ പതനത്തോടെ (അവളുടെ പിതാവ്‌ വളരെ ആത്മവിശ്വാസത്തോടെ പ്രവിച്ച ഒരു സംഭവം) വിശ്വാസവും, സാമാന്യ-ബോധവും പ്രചരിക്കപ്പെട്ട പല കുടുംബങ്ങളില്‍ ഒരു കുടുംബം മാത്രമാണ് തങ്ങളുടേതെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കി.” അവള്‍ പറഞ്ഞു. “സ്യൂസെസ്കൂവിന് എതിരായ ജാഥയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണവും, അവരുടെ ധൈര്യവും, രാഷ്ട്രീയ-അവബോധവും കണ്ട്‌ ഞങ്ങള്‍ അതിശയപ്പെട്ടുപോയി.” അവള്‍ കൂട്ടിച്ചേര്‍ത്തു.

ഭ്രൂണഹത്യയെ എതിര്‍ക്കുന്ന (Pro-life) ഡോക്ടര്‍ ആയി തീരുവാനുള്ള തീരുമാനത്തിന് പിന്നില്‍ മാതാ-പിതാക്കളുടെ സ്വാധീനം ഉണ്ടോ? എന്ന ചോദ്യത്തിന് “അവരുടെ വിശ്വാസവും, (അവളുടെ മാതാ-പിതാക്കള്‍ ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരായിരുന്നു) മാതൃകയും തന്റെ എല്ലാ തീരുമാനങ്ങളിലും നേരിട്ടല്ലാത്ത രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.” എന്ന മറുപടിയാണ് ഡോ. സെര്‍നിയ നല്‍കിയത്‌. അവളുടെ ഭര്‍ത്താവും-വയസ്സായവരെ പരിചരിക്കുന്ന (Paliative Care) വിഭാഗത്തിലുള്ള ഒരു ഡോക്ടര്‍ ആണ്. ഡോ. സെര്‍നിയ തുടര്‍ന്നു “ഒരു ക്രിസ്ത്യന്‍ ഡോക്ടര്‍ എന്ന നിലക്ക്, ഓരോ രോഗിയിലും ക്രിസ്തുവിനെ കണ്ട്‌ നമുക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. കമ്മ്യൂണിസം മൂലം നരവംശ (Humanities) പഠനങ്ങളോളം, ശാസ്ത്ര (Scientific) സംബന്ധമായ വിഷയങ്ങള്‍ ആശയപരമായി മലിനമാക്കപ്പെട്ടിട്ടില്ല എന്നൊരു നേട്ടം കൂടിയുണ്ട് ശാസ്ത്ര സംന്ധമായ ജോലികള്‍ സ്വീകരിക്കുമ്പോള്‍”

“മാര്‍ക്സിസ്റ്റ്‌ തത്വങ്ങള്‍ എത്രമാത്രം പുറത്തേക്ക് വമിക്കുന്നുവോ, അത് കാര്യങ്ങളെ അത്രമാത്രം സങ്കീര്‍ണ്ണമാക്കിതീര്‍ക്കും. മാര്‍ക്സിസ്റ്റ്‌ ആശയമനുസരിച്ച് വിഡ്ഢികള്‍ക്കും, അടിമകള്‍ക്കും പറഞ്ഞിട്ടുള്ളതാണ് വിശ്വാസം. പക്ഷെ, ഏറ്റവും ബുദ്ധിമാന്‍മാരും, സ്വതന്ത്രമായി ചിന്തിക്കുന്നവരുമായ ആളുകള്‍ വിശ്വാസികളാണെന്ന കാര്യം നമുക്ക്‌ കാണാവുന്നതാണല്ലോ. മറിച്ച്, മാര്‍ക്സിസമാണ് വിഡ്ഢിത്തം, അത് - അടിച്ചമര്‍ത്തലാണ്, പൈശാചികമായൊരു നുണ, ക്രൂരമായ കുറ്റങ്ങള്‍ വഴി നിലവില്‍ വന്നത് പകുതിയോളം ലോകത്തെ അത് ജെയിലിലടച്ചു, ബാക്കി പകുതിയെ ഗൂഡമായ നുഴഞ്ഞുകയറ്റം വഴി സാംസ്കാരികമായി നശിപ്പിച്ചു” എന്നവര്‍ എന്നോടു പറഞ്ഞു.

സിനഡിലെ പ്രസംഗത്തില്‍ വച്ച് “ആത്മീയ യുദ്ധം” എന്ന് പറഞ്ഞത്‌ ഒന്നു കൂടി വിശദീകരിക്കാമോ ? എന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ഹംഗറിയിലെ ഗ്രീക്ക്‌ കത്തോലിക്കാ സഭയുടെ മെട്രോപൊളിറ്റന്‍ ആയ കോക്സിസ് മെത്രാപ്പോലീത്ത സിനഡില്‍ വച്ച് നടത്തിയ പ്രസംഗത്തിലേക്കവര്‍ എന്റെ ശ്രദ്ധയെ ക്ഷണിച്ചു. “നമ്മുടെ യുദ്ധം വാസ്തവത്തില്‍ മാംസത്തിനോ, രക്തത്തിനോ എതിരല്ല. മറിച്ച്, ഇരുട്ടിന്റെ ശക്തികള്‍ക്കും അവരുടെ സഹായികള്‍ക്കും, ആത്മീയ മേഖലകളില്‍ വ്യാപരിക്കുന്ന തിന്മയുടെ ശക്തികള്‍ക്കും എതിരെയാണ്” എന്ന വിശുദ്ധ പൗലോസിന്റെ വാക്യമാണദ്ദേഹം എടുത്ത്‌ കാട്ടിയത്‌. കൂടാതെ കുടുംബങ്ങള്‍ക്ക്‌ നേരേയുള്ള ആക്രമണങ്ങള്‍ വെറും ‘വെല്ലുവിളികള്‍’ മാത്രമല്ല, സിനഡിലെ ചര്‍ച്ചകള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശമായിട്ടുള്ള അടിസ്ഥാന രേഖകളില്‍ (Instrumentum Laboris) പറഞ്ഞിരിക്കുന്നത് പോലത്തെ സാമൂഹ്യപരമായ വിശദീകരണവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീര്‍ച്ചയായും ഡോ. സെര്‍നിയ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗ-നിര്‍ദ്ദേശ രേഖയുടെ ഒരു വിമര്‍ശകയാണ്. “ഇന്നത്തെ കാലത്ത്‌ കുടുംബങ്ങള്‍ക്കും, ജീവിത മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ സഭ സാമ്പത്തികപരമോ, സാമൂഹ്യപരമോ ആയിട്ടുള്ള തത്വങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യരുത്‌. കാരണം, അവ സ്വഭാവത്തില്‍ മാര്‍ക്സിസ്റ്റ്‌ സമീപനങ്ങളാണ്. സിനഡ്-ചര്‍ച്ചാ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളുടെ ആദ്യഭാഗങ്ങളില്‍ ഈ രീതിയിലുള്ള വിശകലനങ്ങള്‍ ഞാന്‍ കണ്ടു.” എന്നതാണ് അതിനു കാരണമായി അവര്‍ പറഞ്ഞത്‌.

“തിന്മയെ നമ്മുടെ ആത്മാവിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്ന മനുഷ്യരുടെ പാപമാണ് നമ്മുടെ ലോകത്തെ ഏറ്റവും വലിയ പ്രശ്നം.” അവര്‍ അഭിപ്രായപ്പെട്ടു.

“മനുഷ്യരുടെ, പ്രത്യേകിച്ച് പാശ്ചാത്യസമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ ലൈംഗീക വിപ്ലവവും, കുടുംബജീവിതത്തിന്റെ ശിഥിലതയുടേയും കാരണങ്ങളെ, ഉപഭോക്തൃ-സംസ്കാരം, സുഖാനുഭൂതി, സാമൂഹ്യ അസമത്വം മുതലായവ കൊണ്ടു വിവരിക്കുവാന്‍ സാധ്യമല്ല.” എന്നവര്‍ എടുത്തുപറഞ്ഞു. “അതിന്റെ പ്രാഥമിക ഉറവിടം മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രമാണ്, അവരുടെ ആശയങ്ങള്‍ അടിസ്ഥാനപരമായി ദൈവത്തിനും ദൈവത്തിന്റെ സൃഷ്ടികള്‍ക്കും എതിരെയുള്ള ഒരു കലാപമാണ്‌.” അവര്‍ തുടര്‍ന്നു “സമകാലീന ലോകത്തെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ലോകത്തെ പ്രത്യയശാസ്ത്രങ്ങള്‍ വിഗ്രഹാരാധനയുടെ മറ്റൊരു പ്രതീകങ്ങളാണ്. ഇത് മതത്തിനു പകരമായി മാറിയിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി വിശദീകരിക്കുന്നതായും, മനുഷ്യരാല്‍ ഈ ലോകത്ത് മോക്ഷം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതായും ശാസ്ത്രത്തെ മറയാക്കികൊണ്ടു അവര്‍ നടിക്കുന്നു.”

വിഖ്യാത രാഷ്ട്രീയ ചിന്തകനായ എറിക്ക് വോജെല്‍ (ഇംഗ്ലീഷ് ചരിത്രകാരനായ 'മൈക്കല്‍ ബുര്‍ലെ' ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ള നല്ല അഭിപ്രായം എന്റെ ശ്രദ്ധയില്‍പ്പെട്ടു) എഴുതിയതിനെ എടുത്തു കാട്ടികൊണ്ട് ഡോ. സെര്‍നിയ വിശദീകരിച്ചു “1920 കളിലെ നാസിസത്തേയും, കമ്മൂണിസത്തേയും അദ്ദേഹം കണ്ടിട്ടുണ്ട്, അവയെല്ലാം സ്വന്തം ചിഹ്നങ്ങളും, അധികാരശ്രേണിയും, ആചാരങ്ങളും ഉപയോഗിച്ചുള്ള രാഷ്ട്രീയ മതങ്ങളായിരുന്നു, വാസ്തവത്തില്‍ കപട മതങ്ങള്‍, കാരണം അവ ഒരു സംസ്കാരത്തെയും കെട്ടിപ്പടുത്തിയിട്ടില്ല, മറിച്ച് നശിപ്പിക്കുകയാണ് ചെയ്തത്.”

‘വളരെയേറെ ശ്രദ്ധിക്കേണ്ട ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, ആശയസംഹിതകളെയും ദൈവശാസ്ത്രജ്ഞ്മാരും സഭയിലെ ഇടയന്മാരും വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും, പ്രതിരോധിക്കുകയും ചെയ്തോവെന്ന് സംശയമാണ്. മതപരമായ ഇത്തരത്തിലുള്ള തെറ്റുകളെ നിരീക്ഷിക്കുകയും ഈ ഭീഷണിയെകുറിച്ച് തങ്ങളുടെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുക എന്നത് അവരുടെ കടമയാണ്’ എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ചില മാര്‍പ്പാപ്പാമാര്‍ നിരവധി തവണ കമ്മ്യൂണിസത്തിനെതിരായി പറഞ്ഞിട്ടുണ്ടെന്നല്ലാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കമ്മ്യൂണിസത്തെ തള്ളി പറഞ്ഞിട്ടില്ല എന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഇവിടെ അവര്‍ ബ്രസീലിയന്‍ ചിന്തകനായ ഒലാവോ ഡി കാര്‍വല്‍ഹോ പഞ്ഞിട്ടുല്ലത് ഓര്‍മ്മിപ്പിച്ചു: അദ്ദേഹം പറയുന്നു “ഇക്കാലത്തെ സഭാ ആരാധനകള്‍ പ്രത്യയശാസ്ത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയോ (പ്രായോഗികമായി പ്രാദേശിക മേല്‍കോയ്മയേയും, അധികാരത്തേയും സഹായിക്കുന്ന രീതിയില്‍) മാംസവും രക്തവുമായിട്ടുള്ള യുദ്ധംപോലെയേ ആയി മാറിയിരിക്കുന്നു...വിഗ്രഹാരാധനയെ മാറ്റിനിര്‍ത്തി പകരം ലൈംഗീകാധപതനം, അഴിമതി, ഭോഗപരത, സുഖാനുഭൂതി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധചെലുത്തുന്നു.

ഒക്ടോബറിലെ സിനഡിനെ കുറിച്ച് സംസാരിച്ചപ്പോൾ. സിനഡിലെ ഭൂരിഭാഗം പിതാക്കന്മാരും സഭാ പ്രബോധനങ്ങളോട് വിശ്വസ്തതയുള്ളവരാണെന്ന്‍ ഡോ. സെര്‍നിയ കരുതുന്നു. എന്നാല്‍ ഭൂരിഭാഗം സമയവും പിതാക്കന്മാര്‍ സിനഡിലെ ചര്‍ച്ചാ-മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ രണ്ടും മൂന്നും ഭാഗങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഈ ഭാഗങ്ങളില്‍ വിവാഹ ജീവിതത്തേയും-അതിന്റെ കെട്ടുറപ്പിനേയും, ഗര്‍ഭ നിരോധനം, സ്വവര്‍ഗ്ഗരതി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സഭാ പ്രബോധനങ്ങളെ ചോദ്യം ചെയ്യുന്ന ആശയങ്ങള്‍ മാത്രമാണ് പ്രതിപാദിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ ആദ്യഭാഗങ്ങളില്‍ സൂചിപ്പിച്ചിരുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളേയോ, അവയുടെ ഭാഷാ-പദങ്ങളേയോ കുറിച്ച് വിമര്‍ശിക്കുക പോലും ചെയ്തില്ല.

“പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കെതിരെ തുറന്നയുദ്ധത്തിനു മുതിരാതെ സഭാനേതാക്കള്‍ സ്വയം ആശയപരമായി വികലമാക്കപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. ഇത് ക്രിസ്തീയ കാഴ്ചപാടുകളെ വികലമാക്കും. സഹിഷ്ണുത (Tolerance), വിവേചനം (discrimination), ഉള്‍പ്പെടുത്തല്‍ (inclusion)/പുറംതള്ളല്‍ (exclusion) തുടങ്ങി ഇത്തരത്തിലുള്ള നിരവധി പദങ്ങള്‍ നമുക്ക് മാര്‍ഗ്ഗരേഖയില്‍ കാണുവാന്‍ സാധിക്കുമായിരുന്നു. ഉദാഹരണത്തിനു : ‘സഹിഷ്ണുത’ എന്ന പദം ആളുകളോട് ചേര്‍ത്തു പറയുമ്പോള്‍ അത് യോജിപ്പില്ലാതെ ദുര്‍ബ്ബലമായിപ്പോകുന്നു, ജനങ്ങള്‍ സ്നേഹിക്കപ്പെടേണ്ടവരാണ്, അല്ലാതെ സഹിഷ്ണുത കാണിക്കപ്പെടേണ്ടവരല്ല, ഇതേ പദം തന്നെ ‘ആശയ’ങ്ങളോട് ചേര്‍ത്തു പറയുമ്പോഴും അത് ശരിയാവില്ല കാരണം തെറ്റായ ആശയങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടതാണ് അല്ലാതെ സഹിഷ്ണുതപ്പെടേണ്ടതല്ല."

ഡോ. സെര്‍നിയയുടെ സിനഡിലെ പ്രസംഗത്തിന് ലോക ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുവാന്‍ എന്തുകൊണ്ടാണ് കഴിഞ്ഞതെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. മതനിരപേക്ഷത എന്ന പ്രത്യയശാസ്ത്രത്തിന്‍റെ കുറേശ്ശെയുള്ള സ്വാധീനം വഴി ‘സഹിഷ്ണുത’ യെ നാം ഒരു നന്മയായി കണക്കാക്കി തുടങ്ങിയിരുന്നു. ഇവിടെയാണ് ഡോ. സെര്‍നിയ ക്രിസ്തീയ കാരുണ്യവും, ലാളിത്യവും ചര്‍ച്ചയില്‍ കൊണ്ടു വന്നത്. അവള്‍ തുടര്‍ന്നു “യാഥാര്‍ത്ഥ്യത്തെ’ വിശദീകരിക്കുവാന്‍ വേണ്ടതെല്ലാം ക്രിസ്തുമതത്തിലുണ്ട്. നാം എതിര്‍ക്കേണ്ട പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വാക്കുകള്‍ കടമെടുക്കേണ്ട കാര്യം നമുക്കില്ല അത് ധാര്‍മ്മികമായ അടിത്തറ ഉറപ്പിക്കുന്നതിനു അവരെ സഹായിക്കും. നമ്മുടെ ഇടയന്മാര്‍ ‘സമാധാനം (peace)’, ‘നീതി (justice)’, ‘സ്വാതന്ത്ര്യം (freedom)’ തുടങ്ങിയ വാക്കുകള്‍ ആശയപരമായി ഉപയോഗിക്കണം. ഇത് മൂലം വികലമാക്കപ്പെട്ട അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചുലഭിക്കും."

“സഭ ഈ ആശയകുഴപ്പം ഒഴിവാക്കണം. ദൈവരാജ്യത്തെകുറിച്ചും, ക്രിസ്തുവിന്റെ നീതിയെ കുറിച്ചും പ്രസംഗിക്കുക എന്നതാണ് സഭാ ഇടയന്‍മാരുടെ കടമ. അല്ലാതെ സാമൂഹ്യ-നീതിയെ കുറിച്ചല്ല. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചാണ് അവര്‍ പ്രസംഗിക്കേണ്ടത് അല്ലാതെ UN വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ചല്ല. പാപമോചനം വഴിയുള്ള മോക്ഷമെന്ന യഥാര്‍ത്ഥ അര്‍ത്ഥത്തെയാണ് അവര്‍ ‘സ്വാതന്ത്ര്യമെന്ന’ വാക്ക് കൊണ്ടു ഉദ്ദേശിക്കേണ്ടത്.

ആത്മീയ-സാംസ്കാരിക യുദ്ധങ്ങളില്‍ വിജയം വരിക്കുന്നതിനു ഭാഷ ശരിയും വ്യക്തതയുള്ളതുമായിരിക്കണം. ഇവിടെ ഡോ. സെര്‍നിയ വിശുദ്ധ പൗലോസിന്റെ സുവിശേഷ വാക്യം ഉദ്ധരിക്കുന്നു “നിങ്ങള്‍ ‘ശരി’ എന്ന് പറയുമ്പോള്‍ അത് ‘ശരിയും’, ഇല്ല എന്ന് പറയുമ്പോള്‍ അത് ‘ഇല്ല’ എന്ന് തന്നെ അര്‍ത്ഥമാക്കട്ടെ, അല്ലാത്തവ തിന്മയില്‍ നിന്നും വരുന്നതാണ്”

പ്രത്യയശാസ്ത്രപരമായ തെറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുവാന്‍ സഭ തയ്യാറാകാതെ, വ്യക്ത്യാധിഷ്ടിത, ഭോഗപരത, സാമൂഹ്യ അനീതി തുടങ്ങിയ വിഷയങ്ങള്‍ക്കെതിരായി മാത്രം നിലകൊണ്ടാല്‍, ഇതേ ഭാഷ തന്നെ പിന്തുടരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് വോട്ടു ചെയ്യുവാന്‍ അതു വിശ്വാസികളെ പ്രേരിപ്പിക്കും. അങ്ങിനെ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അവര്‍ ഭ്രൂണഹത്യ, ദയാവധം, സ്വവര്‍ഗ്ഗവിവാഹം തുടങ്ങിയവ നിയമവിധേയമാക്കുകയും കിന്റര്‍ഗാര്‍ട്ടനില്‍ വരെ ലൈംഗീക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുകയും ചെയ്യും. അവര്‍ പറഞ്ഞു.

“ഇതുകൊണ്ടാണ് കത്തോലിക്കാ വോട്ടുകള്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള ചില രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ ഗവണ്മെന്റുകള്‍ അധികാരത്തില്‍ വരുന്നത്. തെക്കേ അമേരിക്കയില്‍ മിക്കവാറും രാജ്യങ്ങളും, USA, കാനഡ, യൂറോപ്പിലെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഈ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു” അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പിന്നെ സഭയുടെ ദൗത്യമെന്ത്? അവര്‍ ഇപ്രകാരം ഉത്തരം നല്‍കുന്നു “ലോകത്തെ നേര്‍വഴിക്ക് നയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വ്യക്തികളെയും, സമൂഹത്തേയും സുവിശേഷ വല്‍ക്കരിക്കുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്.”

എപ്പോള്‍ നമ്മുടെ സമൂഹങ്ങളില്‍ വേണ്ടത്ര വിശുദ്ധി ഉണ്ടാവുകയും, പത്തു കല്‍പ്പനകളുടെ ധാര്‍മ്മികതയെ പൊതുവായി പിന്തുടരുകയും ചെയ്യുമ്പോള്‍ നമുക്ക് സമൂഹത്തെ നിയമവാഴ്ചയില്ലാത്ത കാടിനു സമാനമാക്കുന്ന പരമാധികാര ഗവണ്മെന്റുകളേയും, ഉദ്യോഗസ്ഥ വൃന്ദങ്ങളെയും ആശ്രയിക്കുന്നത് ഒഴിവാക്കാം.

റൊമാനിയയിലെ ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അവര്‍ ഇപ്രകാരം പറഞ്ഞു: "പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി അവിടെ ഉണ്ട്. കമ്മ്യൂണിസത്തിനു കീഴില്‍ ഞങ്ങള്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോഴും അത് തുടരുന്നു. മാതാവിനോടുള്ള ഭക്തി ഉക്രെയിനിലും പരക്കെ പ്രസിദ്ധമാണ്. കത്തോലിക്കരും, ഓര്‍ത്തഡോക്സ് ക്രൈസ്തവരും ഫാത്തിമാ മാതാവിനോട് റഷ്യയുടെ പരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കുന്നു. കാരണം റഷ്യന്‍ ഗവണ്‍മെന്റ് മുഴുവനും ക്രൈസ്തവരാണ്."

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രൊ-ലൈഫ്‌ നയങ്ങളെ കുറിച്ച് വളരെ സങ്കടത്തോട് കൂടി അവര്‍ പറഞ്ഞു. "മറ്റുള്ള കാര്യങ്ങള്‍ ഇല്ല എന്ന് നടിച്ചുകൊണ്ട് പ്രൊ-ലൈഫ്‌ പോളിസിയെ മാത്രം എടുത്ത്‌ പറഞ്ഞാല്‍ അത് ശരിയാവില്ല. റഷ്യയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് പുടിന്‍ ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല. USSR തകര്‍ന്നു എന്ന കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് സങ്കടം. അത് പുനസ്ഥാപിക്കാന്‍ തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നു. അഴിമതികള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഭരണം, തനിക്കെതിരായവരേയും വിമര്‍ശകരേയും അദ്ദേഹം കൊന്നൊടുക്കുന്നു, മറ്റ്‌ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു."

പഴയ റഷ്യ ‘ഔദ്യോഗികമായി കുഴിച്ചുമൂടപ്പെട്ടു’ കഴിഞ്ഞു. അവര്‍ തുടര്‍ന്നു: “പക്ഷെ ‘കമ്മ്യൂണിസത്തിന്റേയും’, മാര്‍ക്സിസ ‘പ്രത്യയശാസ്ത്ര’ത്തിന്റേയും ഐതീഹ്യങ്ങള്‍ ഇപ്പോഴും കിഴക്കന്‍ യൂറോപ്പിലും മറ്റ് ചിലയിടങ്ങളിലും ഊര്‍ജ്ജിതമായി നിലവിലുണ്ട്. പല മുന്‍കാല കമ്മ്യൂണിസ്റ്റുകളും പെട്ടെന്നുള്ള ഒരു ജനാധിപത്യ പരിവര്‍ത്തനത്തിനു വിധേയരായിട്ടുണ്ട്, പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും, ‘ഒരു പുതിയ ഇടതുപക്ഷത്തിന്റെ’ പ്രവര്‍ത്തകരാകുകയും ചെയ്തിട്ടുണ്ട്. നാസ്ഥിക വാദം, സ്വവര്‍ഗ്ഗ പങ്കാളിത്തം തുടങ്ങിയവയുടെ റൊമാനിയയിലെ ശക്തനായ വക്താവ്‌ തന്റെ രാഷ്ട്രീയ ജീവിതത്തിനു പഴയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്ന ഒരു യുവാവാണ്, ഇപ്പോള്‍ അദ്ദേഹം ‘സോഷ്യല്‍ ഡെമോക്രാറ്റിക്’ ആണ്."

ഇവക്ക് പുറമേ ചില നല്ല വാര്‍ത്തകളും ഉണ്ട്: “നിരവധി ഓര്‍ത്തഡോക്സ്‌ സഭകളില്‍ റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭക്ക് (ROC) മറ്റുള്ളവയെ അപേക്ഷിച്ച്, പാശ്ചാത്യലോകവും, കത്തോലിക്കാസഭയുമായുള്ള ബന്ധങ്ങളില്‍ തുറന്ന മനസ്സാണ് ഉള്ളത്‌. പഴയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ധാരാളം ഓര്‍ത്തഡോക്സ്‌ പുരോഹിതരും, അല്‍മായ ജനങ്ങളും അടിച്ചമര്‍ത്തപ്പെടുകയും ജെയിലിലടക്കപ്പെടുകയും ചെയ്തു.” “കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തിനിടക്കും റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭ സജീവമായിരുന്നു. വിശ്വസ്തരായ ധാരാളം പുരോഹിതരും അല്‍മായരും സഭക്കുണ്ടായിരുന്നു. ഇത് റൊമാനിയന്‍ സഭകള്‍ തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു എന്നര്‍ത്ഥമാക്കുന്നില്ല പ്രത്യേകിച്ച് റൊമാനിയന്‍ ഓര്‍ത്തഡോക്സ്‌ സഭയും ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ സഭയും തമ്മില്‍” അവര്‍ കൂട്ടിച്ചേര്‍ത്തു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ബുച്ചാറെസ്റ്റ് സന്ദര്‍ശനത്തെ കുറിച്ച് അവര്‍ വളരെ സന്തോഷപൂര്‍വ്വം പറയുന്നു: നമ്മുടെ ആദരണീയനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഓര്‍ത്തഡോക്സ്‌ പാത്രിയാര്‍ക്കീസായ ടിയോക്റ്റിസ്റ്റിന്റെ ക്ഷണം സ്വീകരിച്ചു കൊണ്ട് ബുച്ചാറെസ്റ്റ് സന്ദര്‍ശിച്ചതിനെ 'മഹത്തായ അപൂര്‍വ്വ നിമിഷം' എന്നാണവര്‍ വിശേഷിപ്പിച്ചത്. “പതിനായിരകണക്കിനാളുകള്‍, ഭൂരിഭാഗവും ഓര്‍ത്തഡോക്സ്‌ സഭക്കാര്‍, പാപ്പായുടേയും, പാത്രിയാര്‍ക്കീസിന്റെയും സാന്നിധ്യത്തില്‍ ഐക്യം! ഐക്യം! (Unitate! Unitate!) എന്ന് ഉച്ചത്തില്‍ വിളിച്ചു കൂവുകയായിരുന്നു. വര്‍ഷങ്ങളായി പാപ്പാ ഉയര്‍ത്തിപ്പിടിച്ച വാക്ക്‌. ഇത് റൊമാനിയന്‍ ജനത ഒരിക്കലും മറക്കില്ല.”

ഒക്ടോബറിലെ കുടുംബ-സിനഡിനെ കുറിച്ച് ഓര്‍ത്തഡോക്സ്‌ സഭാധികാരികളുടെ മനോഭാവം എന്തായിരുന്നു? “ഈ സിനഡിനെ വളരെ ആകാംഷയോടെയാണ് അവര്‍ നോക്കി കണ്ടത്‌. കാരണം, ജൂതരുമുള്‍പ്പെടുന്ന മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളെപോലെ ഓര്‍ത്തഡോക്സ്‌ സഭയും ആത്മീയവും സാംസ്കാരികവുമായ യുദ്ധത്തില്‍ കത്തോലിക്കാ സഭ ഒരുറച്ച കോട്ടയായിരിക്കുമെന്ന്‌ മനസ്സിലാക്കുന്നു. ജൂത-ക്രിസ്ത്യന്‍ പ്രബുദ്ധതയുടെ ഭാവിയെ കുറിച്ച് ആശങ്കയുള്ളവര്‍ക്ക്, കത്തോലിക്കാ സഭ ഈ സാംസ്‌കാരിക പൈതൃകത്തെ ഈ ലോകത്തിന്റെ ഭൗതീകതക്ക് വിട്ടു കൊടുക്കില്ല എന്നവര്‍ക്കറിയാം.”

സിനഡിന്റെ ഉപസംഹാര തീരുമാനങ്ങളെക്കുറിച്ച് അവർ ഇപ്രകാരം പറയുന്നു “എനിക്ക് സന്തോഷമുണ്ട് കാരണം സിനഡിന്റെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകളിലെ അസ്വീകാര്യമായ പല നിര്‍ദ്ദേശങ്ങളും തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവസാന രേഖകളില്‍ ഉചിതമായ ഒരു ഘടനയുടെ അഭാവമുണ്ട്, യുക്തിസഹമായ ഒരു മുന്‍ഗണനാ ക്രമമില്ല, ധൈര്യവും വ്യക്തതയുമില്ല. സഭാ പ്രബോധനങ്ങള്‍ പ്രത്യേകിച്ച് മനുഷ്യ ജീവിതത്തെ (Humanae Vitae) യും, കുടുംബ (Familiaris) ജീവിതത്തെക്കുറിച്ചുമുള്ളവ, വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ പോലെ തന്നെ നില നിര്‍ത്തിയിട്ടുണ്ടെന്നുള്ളത്‌ ഇതിന്റെ ഒരു മേന്മയാണ്. പോരായ്മ എന്താണെന്ന് വച്ചാല്‍ അവസാന രേഖകള്‍ ചെറിയ ആശയകുഴപ്പത്തിനു കാരണമാകുന്നു. വിപ്ലവാത്മകമായ ആശയങ്ങള്‍ ഉള്ളവര്‍ സിനഡിന്റെ അന്തസത്തക്കനുസൃതമായിട്ടാണ് തങ്ങളുടെ സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഭാവിക്കുവാന്‍ ഈ ആശയകുഴപ്പം ഇടവരുത്തുന്നു.

എന്നിരുന്നാലും, “നവീകരിച്ച ഒരു ബോധവും ശക്തിയുമായിട്ടാണ് ഞാന്‍ സിനഡില്‍ നിന്നും തിരിച്ചെത്തിയത്” അവര്‍ കൂട്ടിചേര്‍ത്തു. “ഞാന്‍ ധാരാളം വിശുദ്ധ മനുഷ്യരെ കണ്ടു, സിനഡ്‌ പിതാക്കന്മാരും, സഹപ്രവര്‍ത്തകരായ അല്‍മായരും. അവരുടെ ഉത്തരവാദിത്വങ്ങള്‍ അവർ വളരെ ഗൗരവപൂര്‍വ്വവും, ത്യാഗപൂര്‍വ്വവും, ധൈര്യത്തോടും, സമര്‍ത്ഥമായും നിര്‍വഹിക്കുന്നു. അവരില്‍ നിന്നും വളരെയേറെ കാര്യങ്ങള്‍ പഠിക്കുവാന്‍ എനിക്ക് സാധിച്ചു. റൊമാനിയയിലുള്ള ഞങ്ങളുടെ ആത്മീയ-യുദ്ധങ്ങളില്‍ ഇതെനിക്കൊരു മുതല്‍കൂട്ടാകും. ദശലക്ഷകണക്കിനാളുകള്‍ തിരുസഭയിലും അവളുടെ ഇടയന്‍മാരിലും വിശ്വസിക്കുന്നു. അവര്‍ക്ക്‌ നല്ല നേതാക്കളെയാണ് ആവശ്യം. നാം നമ്മുടെ ഇടയന്‍മാര്‍ക്ക്‌ വേണ്ടി ഒരുപാട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു" ഡോ. സെര്‍നിയാ പറഞ്ഞു.